Monday, January 28, 2013

സ്വപ്നം @

കുളികഴിഞ്ഞീറനുടുതന്നു നീ
തുളസിത്തറയില്‍‍ ദീപം  
തെളിയിച്ചു കതിരോന്നുനുള്ളി
കൂന്തലില്‍‍ തിരുകിനടകൊണ്ട

നേരത്തിടംകണ്ണ് കൊണ്ടെന്നെ
കടാക്ഷിച്ചു തന്നൊരാ പുഞ്ചിരി പാല്‍മധുരമെന്നകതാരിലാകെ
തളിരിട്ടു  നിന്നതും
പകല്‍‍കിളി കൂട്ടങ്ങള്‍കലപില  
കൂട്ടി ചേകേറിടാന്‍ വെമ്പുമാസന്ധ്യയില്‍‍‍ 

തിരിയിട്ടു തെളിയിച്ച നെയ്‌വിളക്കിന്‍റെ
സ്വര്‍ണപ്രഭയില്‍‍‍  തിളങ്ങിടുമധര
ദ്വയങ്ങളാല്‍‍‍ നാമ മന്ത്രങ്ങളെ ചൊല്ലിയെന്‍
ഹൃത്തടം  നിറയെ  നീ ഭക്തിതന്നാനന്ദ
സംഗീതധാരയായ്  പെയ്തുനിറഞ്ഞതും

രാവിലെന്‍ ശയ്യാതലതിലന്നു  
ശ്വേതപുഷ്പങ്ങള്‍ ചൂടി
വ്രീളാവിവശയായ്‌  ജാലക
തിരശീലയില്‍‍‍ നഖചിത്രമെഴുതി

യിന്ദു ബിംബത്തിലെന്തോതിരഞ്ഞു    
മൃദുമന്ദസ്മേരവദനയായെന്‍റെ

പ്രണയമോഹങ്ങളുണര്‍ത്തിടാന്‍ 
പുഷ്പശയ്യയോരുക്കി നീ നിന്നതും

പ്രണയാഗ്നിയായെന്‍റെ  സിരകളില്‍‍‍  ‍
ഒഴുകിയെന്നകതാരിലന്നു നീ
പുഷ്പിച്ചു നിന്നതും
ഉന്മാദഗാന്ധിയാമാലിംഗനങ്ങളാല്‍‍‍  
നിന്നിലേക്കന്നു ഞാന്‍  പുതുമഴ  
തുള്ളിയായ്  ഇറ്റിറ്റു വീണതും

സ്വപ്നസഞ്ചാരതിലേതോ 
മധുരമാത്രയില്‍‍‍  കണ്ടൊരാ  
വര്‍ണചിത്രങ്ങള്‍ മാത്രമെന്നറിയവെ 
അറിയാതെ  ഞാനോന്നു  തേങ്ങിയോ
എന്നില്‍‍‍‍ നിന്നെന്നോ ചിറകടിച്ചകലേക്ക് 
പോയോരാപക്ഷിക്ക് വേണ്ടി