Saturday, November 1, 2014

നീലമിഴി

സൂര്യതേജസ്സലിഞ്ഞു തീരുമീയാഴിതന്‍
തീരത്തീമണല്‍ മെത്തയില്‍
മിഴികളില്‍ മിഴിനട്ടു കൈവിരല്‍
കോര്‍ത്തൊരുവാക്ക്പോലുമുരിയാടിടാതെ
നമ്മള്‍ പരസ്പരം പങ്കിട്ടെടുത്തൊരാ
പ്രണയലോലമാം സുന്ദരസന്ധ്യകള്‍

മിഴി ചിമ്മി നില്‍ക്കുമീ നക്ഷത്രജാലവും
ഇന്ദുപ്രകാശവുമറിയാതെ നിന്‍തനു
പുല്‍കി മയങ്ങിയ കുളിരാര്‍ന്നരാവുകള്‍
അറിയാതെ പറയാതെ വന്നെന്റെ
കരളിന്റെ കിളിവാതിലരികെ നീ പുഷ്പിച്ചു
നിന്നൊരാപകലുകള്‍രാത്രികള്‍

സ്വപ്നാടനത്തിലേതോയിരുള്‍വീണ
സത്രത്തിലേകാന്തമാത്രയില്‍
നിന്മിഴി ജാലകവാതില്‍ തുറന്നു നിന്‍
സ്വപ്നശയ്യാതലത്തിലര്‍പ്പിച്ച
പ്രണയവര്‍ണസൌഗന്ധികങ്ങള്‍
എത്രയെത്രവര്‍ണങ്ങള്‍ചാലിചെഴുതിനാം
നമ്മുടെ സ്വപ്നലോകങ്ങളില്‍മൃദുമന്ദഹാസഭംഗിയാല്‍
വിടരുന്ന നിന്‍ നീല മിഴികളില്‍ തെളിയുമാ
മാധുര്യമൂറും വര്‍ണചിത്രങ്ങള്‍

ഓര്‍ത്തിടാനേറെകൊതിയുള്ള മോഹന
സ്വപ്നമേ ഒരുവട്ടംകൂടിയെന്‍
കരളിന്റെ ജാലകം മെല്ലെ തുറന്നുനീ
വരികെന്നരികത്തിരുന്നു മൊഴിയുമോ
മിഴിയിണനനയാതെയലിയുമോയെന്നില്‍

No comments:

Post a Comment