Saturday, November 1, 2014

കാര്‍മുകില്‍ വര്ണന്‍

പൊയ്കതന്‍ തീരത്ത് അരയാല്‍ തണലില്‍
ചെഞ്ചുണ്ടിലൂറുന്ന മന്ദസ്മിതവുമയ്
ഓടക്കുഴലൂതി വിളിക്കുന്നു കണ്ണന്‍
ധനുമാസരാവില്‍ കുളിരുള്ളരിന്ധുപ്രഭയില്‍
കേളികളാടി നീന്ധിത്തുടിക്കുവാന്‍ നീരാടുവാന്‍
പ്രേമ സല്ലാപ രാസലീലകള്‍ ആടുവാന്‍
ആരോരുമറിയാതെ ഓടിവന്നെത്തുമീ
ഗോപിക വൃന്ദത്തിന്‍ കാല്‍തള മേളത്തില്‍
കൈവള താളത്തില്‍ നൃത്തം ചവിട്ടുവാന്‍
കണ്ണനില്‍ അലിയുവാന്‍ കണ്ണനായ്‌ തീരുവാന്‍
തൃകൈമാടി വിളിക്കുന്നു കണ്ണന്‍
പ്രേമ സ്വരൂപനാം കാര്‍മുകില്‍ വര്ണന്‍

നീലമിഴി

സൂര്യതേജസ്സലിഞ്ഞു തീരുമീയാഴിതന്‍
തീരത്തീമണല്‍ മെത്തയില്‍
മിഴികളില്‍ മിഴിനട്ടു കൈവിരല്‍
കോര്‍ത്തൊരുവാക്ക്പോലുമുരിയാടിടാതെ
നമ്മള്‍ പരസ്പരം പങ്കിട്ടെടുത്തൊരാ
പ്രണയലോലമാം സുന്ദരസന്ധ്യകള്‍

മിഴി ചിമ്മി നില്‍ക്കുമീ നക്ഷത്രജാലവും
ഇന്ദുപ്രകാശവുമറിയാതെ നിന്‍തനു
പുല്‍കി മയങ്ങിയ കുളിരാര്‍ന്നരാവുകള്‍
അറിയാതെ പറയാതെ വന്നെന്റെ
കരളിന്റെ കിളിവാതിലരികെ നീ പുഷ്പിച്ചു
നിന്നൊരാപകലുകള്‍രാത്രികള്‍

സ്വപ്നാടനത്തിലേതോയിരുള്‍വീണ
സത്രത്തിലേകാന്തമാത്രയില്‍
നിന്മിഴി ജാലകവാതില്‍ തുറന്നു നിന്‍
സ്വപ്നശയ്യാതലത്തിലര്‍പ്പിച്ച
പ്രണയവര്‍ണസൌഗന്ധികങ്ങള്‍
എത്രയെത്രവര്‍ണങ്ങള്‍ചാലിചെഴുതിനാം
നമ്മുടെ സ്വപ്നലോകങ്ങളില്‍മൃദുമന്ദഹാസഭംഗിയാല്‍
വിടരുന്ന നിന്‍ നീല മിഴികളില്‍ തെളിയുമാ
മാധുര്യമൂറും വര്‍ണചിത്രങ്ങള്‍

ഓര്‍ത്തിടാനേറെകൊതിയുള്ള മോഹന
സ്വപ്നമേ ഒരുവട്ടംകൂടിയെന്‍
കരളിന്റെ ജാലകം മെല്ലെ തുറന്നുനീ
വരികെന്നരികത്തിരുന്നു മൊഴിയുമോ
മിഴിയിണനനയാതെയലിയുമോയെന്നില്‍

മഴ

ചില നേരങ്ങളില്‍ ചില മഴകളെ
എനിക്ക് ഇഷ്ടമാണ്
എന്റെ അലസനിമിഷങ്ങളില്‍
എന്റെ മുന്നില്‍ പെയ്യും മഴ
എനിക്കൊരു സുന്ദര നര്‍ത്തകിയാണ്
രാവിലെന്‍ ജാലക വാതില്‍
തുറന്നെന്നെ ശീതഹസ്തത്താല്‍
തഴുകിടും രാമഴയെന്‍ പ്രണയിനിയാണ്
തോരാതെ പെയ്യുന്ന രാക്ഷസ മഴകളെ
ഞാനൊട്ടും സ്നേഹിക്കുന്നില്ല
എങ്കിലും മഴയെനിക്ക് ഇഷ്ടമാണ്
ഭീതിയുടെ അതിരുവരെ കുളിരുമായ്
പെയ്യുമീ മഴകളെ

Monday, January 28, 2013

സ്വപ്നം @

കുളികഴിഞ്ഞീറനുടുതന്നു നീ
തുളസിത്തറയില്‍‍ ദീപം  
തെളിയിച്ചു കതിരോന്നുനുള്ളി
കൂന്തലില്‍‍ തിരുകിനടകൊണ്ട

നേരത്തിടംകണ്ണ് കൊണ്ടെന്നെ
കടാക്ഷിച്ചു തന്നൊരാ പുഞ്ചിരി പാല്‍മധുരമെന്നകതാരിലാകെ
തളിരിട്ടു  നിന്നതും
പകല്‍‍കിളി കൂട്ടങ്ങള്‍കലപില  
കൂട്ടി ചേകേറിടാന്‍ വെമ്പുമാസന്ധ്യയില്‍‍‍ 

തിരിയിട്ടു തെളിയിച്ച നെയ്‌വിളക്കിന്‍റെ
സ്വര്‍ണപ്രഭയില്‍‍‍  തിളങ്ങിടുമധര
ദ്വയങ്ങളാല്‍‍‍ നാമ മന്ത്രങ്ങളെ ചൊല്ലിയെന്‍
ഹൃത്തടം  നിറയെ  നീ ഭക്തിതന്നാനന്ദ
സംഗീതധാരയായ്  പെയ്തുനിറഞ്ഞതും

രാവിലെന്‍ ശയ്യാതലതിലന്നു  
ശ്വേതപുഷ്പങ്ങള്‍ ചൂടി
വ്രീളാവിവശയായ്‌  ജാലക
തിരശീലയില്‍‍‍ നഖചിത്രമെഴുതി

യിന്ദു ബിംബത്തിലെന്തോതിരഞ്ഞു    
മൃദുമന്ദസ്മേരവദനയായെന്‍റെ

പ്രണയമോഹങ്ങളുണര്‍ത്തിടാന്‍ 
പുഷ്പശയ്യയോരുക്കി നീ നിന്നതും

പ്രണയാഗ്നിയായെന്‍റെ  സിരകളില്‍‍‍  ‍
ഒഴുകിയെന്നകതാരിലന്നു നീ
പുഷ്പിച്ചു നിന്നതും
ഉന്മാദഗാന്ധിയാമാലിംഗനങ്ങളാല്‍‍‍  
നിന്നിലേക്കന്നു ഞാന്‍  പുതുമഴ  
തുള്ളിയായ്  ഇറ്റിറ്റു വീണതും

സ്വപ്നസഞ്ചാരതിലേതോ 
മധുരമാത്രയില്‍‍‍  കണ്ടൊരാ  
വര്‍ണചിത്രങ്ങള്‍ മാത്രമെന്നറിയവെ 
അറിയാതെ  ഞാനോന്നു  തേങ്ങിയോ
എന്നില്‍‍‍‍ നിന്നെന്നോ ചിറകടിച്ചകലേക്ക് 
പോയോരാപക്ഷിക്ക് വേണ്ടി

Monday, July 18, 2011

ഭയം

ഭയം എന്നെ ദൈവത്തോട് ചേര്‍ത്തുവച്ചു
ദൈവം എന്നെ മതത്തോടും
മതമെന്നെ വാളിനോടും
വാളെന്നെ ഭയത്തോടും ചേര്‍ത്തുവച്ചു

Thursday, March 17, 2011

Parayatha Kaaryam

നിന്നോടെനിക്കുള്ള പ്രണയം
പറയുവാനറിയാതെ മൌനിയായ്
നിന്‍ നിഴല്‍ നോക്കി ഞാന്‍ നിന്നു
നെല്‍ച്ചെടി തുമ്പില്‍ തിരമാല നെയ്തു
ദൂരെക്കൊഴുകുന്ന മാരുതനോടിന്നു ഞാന്‍
നിന്നോടെനിക്കുള്ള പ്രണയം പറഞ്ഞു
ചിത്രശലഭങ്ങള്‍ കാണാതെ പൂവിന്റെയുള്ളിലെ
തേന്തുള്ളി നിന്ച്ചുണ്ടിനായ് ഞാന്‍ കരുതിവച്ചു
സായാഹ്ന സൌമ്യ സൂര്യരശ്മിതന്‍
ചെമ്പട്ട് ചേല ഞാന്‍ നിന്നോടോതുള്ള
പ്രണയ മാത്രകള്‍ക്കായ്‌ നെയ്തുവച്ചു
എങ്കിലും
നിന്നോടുമാത്രമെന്‍ പ്രണയം
പറയുവാനാകാതെ യാത്രയാകുന്നു ഞാന്‍

Apsaras

ശലഭ ചിറകുകള്‍ വീശി ഞാന്‍ ചേക്കെറിടട്ടെ
നീയറിയാതെ നിന്‍ സ്വപ്ന ശിഖരങ്ങളില്‍
കാതില്‍ കിന്നാരമോരോന്നു ചൊല്ലുവാന്‍
ദുഖങ്ങള്‍ ഒന്നുമേ പങ്കിട്ടെടുക്കാതെ
ആനന്ദ മാത്രകള്‍പങ്കിട്ടെടുത്തിടാന്‍
ഓര്‍ക്കാന്‍ മറന്നിടാന്‍ നമ്മുടെ
ഉള്ളിലെ സങ്കടതുണ്ടുകള്‍
പ്രണയമൊരു അഗ്നി പ്രവാഹമായ്
സ്വപ്നസിരകളില്‍ ഒഴുകുന്ന സൌന്ദര്യലഹരിയില്‍
കത്തി പടര്‍ന്നു ജ്വലിക്കുന്ന നിന്നുടെ
ഹൃദയ മേളത്തിന്നു നിശ്വാസതാളമായ്
ഇറ്റിറ്റു വീണങ്ങലിയുവാന്‍
എന്റെയീ വര്‍ണചിറകിന്റെ ഭംഗിയാല്‍
നിന്‍മനോ ജാലകവാതില്‍ ഞാന്‍ ചാരിടാം
അപ്സര സുന്ദരി നീ എന്റെ വര്‍ണ
ചിറകുകള്‍ നുള്ളി മാറ്റും വരെ

Thursday, March 3, 2011

ഗുരുദേവന്‍


അവനവന്ആത്മസുഖത്തിന്നായ് ആചരിചീടുന്നവ
അപരന്നും സുഖത്തിന്നായ് വന്നീടണം
ഈശ്വര വിശ്വാസികളായ എല്ലാ മനുഷ്യരും
ഈശ്വര കാരുണ്യത്തിനായി കൈനീട്ടി
ലക്ഷ്യ പ്രപ്തിക്കായി ഓരോ വഴിയിലൂടെ സഞ്ചരിക്കുന്നു
ഈശ്വര സക്ഷാത്കാരത്തിലേക്കുള്ള ഏതു മാര്ഗവും
ബുദ്ധിമുട്ട് ഏറിയതും കഠിന പരിശ്രമം
ആവശ്യപെടുന്നതും ആകുന്നു
ബുദ്ധന്പറഞ്ഞ വഴികളും ക്രിസ്തു പറഞ്ഞ വഴികളും
നബി പറഞ്ഞ വഴികളും കൃഷ്ണോപദേശങ്ങളും
ഒരു ലക്ഷ്യത്തില്എത്തുവാനുള്ള പല വഴികള്
മാത്രമാകുന്നു
അവരാരും ഈശ്വരനെ പങ്കിട്ടെടുക്കുവാന്
ഉപദേശിച്ചവര്അല്ല എങ്കിലും നിഷേധികളായ
പിന്മുറക്കാരായ നമ്മള്ഈശ്വരനെ പങ്കിട്ടെടുത്തിരിക്കുന്നു
ഞങളുടെ ദൈവം അവരുടെ ദൈവം എന്ന സങ്കല്പത്തിലേക്ക്
നമ്മളുടെ ഈശ്വര ചിന്ത ചെറുതായിരിക്കുന്നു
നമ്മള്ഈശ്വരസക്ഷാത്കാരത്തിലേക്കുള്ള വഴിയായി
കരുതി ചെയ്യുന്ന മത പ്രവര്ത്തനങ്ങള്
ഈശ്വരനെ തേടുന്നവരെ ഹനിക്കുകയാണ്
നാം നമ്മുടെ മുക്തിക്കായി ചെയ്യുന്ന ഏതോരു
പ്രവര്ത്തിയും മറ്റൊരുവന്റെയും കൂടി
മുക്തിക്കു കാരണമായ്വരേണം
അത്രയും ഇല്ലെങ്കില്പോലും മറ്റൊരുവന്റെ
വിനാശത്തിനു കാരണമായി തീരാതെ എങ്കിലും
വന്നെങ്കില്

Thursday, February 17, 2011

Snehamrutham

പൂവുകള്‍ ചൂടിയുടുത്തൊരുങ്ങി
സിന്ദൂരചന്ദന തിലകങ്ങള്‍ ചാര്‍ത്തി
വളയിട്ട കൈകളിലേഴുതിരിയിട്ട
ദീപവുമേന്തി നമ്രശിരസ്കയായ്
ദുഃഖ ഭാരങ്ങള്‍ തളംകെട്ടി നില്കുമെന്‍
മനസിന്റെ ഇരുള്വീണ മുറികളില്‍
സ്നേഹപ്രകാശമായ്  വന്നോരെന്‍ 
സൌഭാഗ്യ താരമേ
എന്‍ മിഴികോണില്‍   പൊടിയുന്ന
സങ്കടഭാരത്തിന്‍  കണ്ണുനീര്‍ തുള്ളികള്‍
ഒരു കൊച്ചു പുഞ്ചിരി തെന്നല്‍
തലോടലാല്‍ നുള്ളി മാറ്റി
നീയെനിക്കേകിയ സ്നേഹാമൃതത്തിന്റെ
കൈവിരല്‍ത്തുമ്പില്‍  പിടിച്ചെന്റെ  
സ്വപ്ന  ശലഭങ്ങള്‍  ചിറക്‌വിരിക്കുന്നു
സന്തോഷ സന്താപ മാത്രകള്‍
പങ്കിട്ടെടുത്തീ സുന്ദര ഭൂമിയില്‍
പാറി പറന്നിടാന്‍  
നിന്‍ വിരല്‍ തുമ്പിന്റെ ലളനയേല്കുന്ന
തംബുരു വെന്നപോല്‍
സ്വപ്‌നങ്ങള്‍ കണ്ടു നിന്‍
മടിയില്‍ ശയിക്കുവാന്‍ 
ആനന്ദ  സംഗീതധാരയായ്  
മൃത്യുവിലലിയുംവരെ
നിന്നിലലിഞ്ഞിടാന്‍